Thursday, June 27, 2013

നന്ദിതയുടെ കവിതകൾ...
















അവളുടെ ഹൃദയത്തിലിടിവെട്ടി പേമാരി പെയ്ത-
വിരഹാമ്ളം വീണു കറുത്ത പുസ്തകത്തിന്റെ
കടും നീല കരയിട്ട വിളർത്ത കടലാസുചാലുകളിൽ
മഷിചിറകുള്ള അക്ഷര പാറ്റകൾ പൊടിച്ചത്,
അവന്റെ തൂലികതുമ്പിലെ കനലിന്റെ പൊരുള് തേടി.

മിന്നാമിനുങ്ങായി അവളുടെ പ്രാണൻ
അവക്ക് വഴി തെളിച്ചത്,
ആ അഗ്നിയിൽ ചിറകു നേദിച്ച്
ചിതലായി പരിണമിച്ച്
ഓർമയുടെ പുറംതൊലിയുണ്ട്
അവന്റെ വാല്മീകത്തിൽ മോക്ഷപ്പെടാനായിരുന്നു.

പൊരുത്തക്കേട്ന്റെ ശീതപ്രവാഹത്തിൽ,
പറന്നു കൊതിയാറും മുൻപേ
പാതിയിൽ ചിറകറ്റു
അവ താളുകൾക്കിടയിൽ
കവിതകളായി  കറപിടിച്ചു.




Wednesday, August 1, 2012

ചോരയുടെ അവകാശി

                    ഞാനിപ്പോള്‍ ട്രെയിനില്‍ ആണ് . പുലര്‍കാലത്തെ കോടമഞ്ഞ്‌ കട്ടകെട്ടിയ കനത്ത കാറ്റ് മുഖത്ത് ആഞ്ഞടിക്കുന്നു.  ധക് ... ധക് ... ധക്  , ഉരുക്ക് ചക്രങ്ങള്‍ പാളം മാറുകയാണ് . ജനലിലൂടെ താഴേക്ക് നോക്കി, തീവണ്ടിയുടെ ചക്രത്തിനടിയില്‍നിന്ന് ഒരു പാളം പുറത്തേക്ക് വരുന്നു, അത് അകന്നു പോകുന്നു, പിന്നെ പയ്യെ  വേഗത കൂടി...

                     "എങ്ങട പോണേ?" തൊട്ടടുത്തിരുന്ന മധ്യവയസ്ക്കന്‍ ചോദിച്ചു.
                   -"ങേ?"
                    "അല്ല, എങ്ങടാ പോണെന്ന്?"
                   -"തിരുവനന്തപുരത്തേക്ക്"
                    "അവിട്യാണോ ജോലി?"
                   -"അല്ല, RCC* വരെ ഒന്ന് പോണം "      (*Regional Cancer Centre)
                     " ഉം " ആ ഉത്തരം കൊണ്ട്  തൃപ്തിപ്പെട്ട് അയാള്‍ വീണ്ടും പത്രത്തിനകത്തേക്ക്  തല പൂഴ്ത്തി

                    ഞാന്‍ ബാഗില്‍നിന്ന് ഹെഡ്ഫോണ്‍ എടുത്ത് ചെവിയില്‍ വച്ചു. "WALKMAN"ന്റെ തടിച്ച ബട്ടണില്‍ വിരല്‍ അമര്‍ത്തി...

                    "പകരുക നീ, അനുരാഗമാം വിഷം
                      ഈ ചില്ലുപാത്രം നിറയേ....",
ഷഹബാസ് അമന്‍ വിഷാദം കല്ലിച്ച സ്വരത്തില്‍ പാടിത്തുടങ്ങി...
ഹൃദയത്തില്‍ തുടിച്ച ഗസലുകല്‍ക്കൊപ്പം, നരച്ച ആകാശം നിഴലിച്ച വയലുകളും ഇരുണ്ട തെങ്ങിന്‍തോപ്പുകളും ജനലിലൂടെ ഒഴുകിപോയി...


                    തമ്പാനൂരില്‍ വണ്ടിയിറങ്ങി നേരെ കോഫിഹൗസ് ലേക്ക്  നടന്നു.ആ കെട്ടിടത്തിനകത്തെ പിരിയന്‍വഴി കുറച്ചു കയറിയപ്പോള്‍ ഒഴിഞ്ഞ ഒരു ബഞ്ചുകണ്ടു.ഓര്‍ഡര്‍ കൊടുത്ത ചായയും നെയ്‌റോസ്റ്റും കാത്തിരിക്കുന്നതിനിടയില്‍ പ്രതീക്ഷിച്ചപോലെ ഫോണ്‍ ശബ്ദിച്ചു.  


                     -"ഹലോ?"
                      "ആ..., ചേട്ടാ , ഞാന്‍ സിബി ആണ് . ഇവിടെ എത്യാര്‍ന്നോ?"
                    -"ട്രെയിന്‍ എറങ്ങി, ഒരു അര മണിക്കൂര്‍കൊണ്ട് ഞാന്‍ എത്യേക്കാം"
                     "ശരി, എത്തീട്ട് വിളിച്ചാമതി, ഞാന്‍ ഇവിടെ മുമ്പിത്തന്നെ കാണും ."
                      മറുതലക്കലെ വെറുങ്ങലിച്ച ശബ്ദം നിലച്ചു.


                      കാന്‍സര്‍ സെന്റെറിനു മുന്‍പില്‍ ധാരാളം വാഹനങ്ങള്‍; വില കൂടിയതും, കുറഞ്ഞതും എല്ലാം...അതിനിടയിലൂടെ ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും അരിച്ചു നടക്കുന്നു.
ഞാന്‍ ഫോണ്‍ എടുത്ത് ഡയല്‍ ചെയ്തു. എന്റെ വലതുവശത്തെ ചീനിമരചുവട്ടില്‍നിന്ന് ഒരു ഫോണ്‍ ശബ്ദിച്ചു...
ഇടതു കൈ ഉയര്‍ത്തിക്കൊണ്ട് അയാള്‍ എന്റെ അടുത്ത് വന്നു. ചെറുപ്പക്കാരന്‍; മെല്ലിച്ച കൈത്തണ്ടയില്‍ മുറിപ്പാടുകള്‍ , കലങ്ങിചീര്‍ത്ത കണ്ണുകളില്‍ ഒരു ചിരി, ഞാനും ചിരിച്ചു.
                    -"സമയം കളയണ്ട, എവിട്യാ ചേട്ടാ ബ്ലഡ്‌ ബാങ്ക്?"
                     "ഇത് എന്റെ അളിയനാ, പുള്ളി വരും കൂടെ", അടുത്ത് നിന്ന ആളുടെ കയ്യില്‍ എന്‍ട്രി പാസ് കൊടുത്തുകൊണ്ട് അയാള്‍ എന്നോട് പറഞ്ഞു.
                    എല്ലാം കഴിഞ്ഞ് അയാളോടൊപ്പം തിരിച്ചു നടന്നപ്പോള്‍ ഞാന്‍ ചോദിച്ചു ; ആ കുഞ്ഞിനെ കുറിച്ച് , അസുഖത്തെ കുറിച്ച്, നാട് , വീട്  അങ്ങനെ പലതും...കേള്‍ക്കാന്‍ സുഖമില്ലാത്ത കാര്യങ്ങള്‍. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ് ഇളകി മറിഞ്ഞു, തിളച്ചു പൊങ്ങി...  


                    ടിക്കറ്റ്  എടുത്ത് പ്ലാറ്റ്ഫോമിലൂടെ നടക്കുമ്പോള്‍, കറുത്ത് തടിച്ച ഒരു പോലീസുകാരന്‍ ഒരുത്തനെ മുണ്ടില്‍ കുത്തിപ്പിടിച്ച്  കൊണ്ട് പോകുന്നത് കണ്ടു, കള്ളനായിരിക്കും...


                    കമ്പാര്ട്ട്മെന്റ്റ്‌ ഏറെക്കുറെ കാലിയായിരുന്നു, ട്രെയിന്‍ നീങ്ങിത്തുടങ്ങി. ഞാന്‍ സീറ്റില്‍ ചാരി പുറത്തേക്ക് നോക്കിയിരുന്നു... പലതരം ആളുകള്‍, കടകള്‍, വണ്ടികള്‍, വീടുകള്‍...; എല്ലാം ഓടി മറയുകയാണ് , ധൃതിപ്പെട്ട് പുറകോട്ടു പായുന്ന ലോകം!
                    സമയം, ഒന്നിനും പിടികൊടുക്കാതെ തീവണ്ടിക്കൊപ്പം കുതറിയോടുന്നു....
                    കണ്ണുകള്‍, നിര്‍ത്താതെ പായുന്ന കാഴ്ചകളുടെ ലോകത്തേക്ക് ഊളിയിട്ടു....
                    മനസ്, അനുഭവങ്ങളുടെ പിന്നാമ്പുറങ്ങളില്‍ അലഞ്ഞു നടന്നു ... 
ഓരോ രക്തദാനവും പുതിയ ആളുകളെ പരിചയപ്പെടുത്തുന്നു, പുതിയ അനുഭവങ്ങളിലേക്ക് വാതില്‍ തുറക്കുന്നു... ഈ ലോകത്ത് നമ്മുടെ ചോരക്ക് എത്രയോ അവകാശികള്‍; ഗര്‍ഭിണികള്‍, കുട്ടികള്‍, ശസ്ത്രക്രിയ കാത്തിരിക്കുന്നവര്‍, വാര്‍ധക്യം കട്ടിലില്‍ ചുരുട്ടികൂട്ടിയവര്‍, അങ്ങനെ എത്രയോ പേര്‍...നമ്മുടെ രക്തം സ്വീകരിച്ച് ചിലര്‍ ജീവിക്കുന്നു, മറ്റുചിലര്‍ മരിക്കുന്നു.പക്ഷെ, ആരെയും പിന്നീട് കാണാറില്ല, ജീവിതത്തിന്റെ തിരക്കുകളില്‍ മുങ്ങി അവരൊക്കെ അപ്രത്യക്ഷരാകുന്നു... 


                    ജസിയുടെ മുഖം എന്തോ മറക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല, 10 വയസുള്ള കുസൃതിക്കുട്ടി. മൂന്നു മാസം മുന്‍പേ ഒരു സ്കൂട്ടര്‍ അപകടത്തില്‍ അവളുടെ അമ്മ മരിച്ചു, അവളുടെ അച്ഛന്റെ കയ്യില്‍ കണ്ട മുറിക്കലയുടെ അര്‍ഥം അതായിരുന്നു. വിട്ടുമാറാത്ത പനി സ്കൂള്‍ദിനങ്ങള്‍ കട്ടെടുത്തപ്പോള്‍ അവള്‍ വേദനിച്ചു. ഇപ്പോള്‍ അവിടെ, RCC യുടെ തണുത്ത കട്ടിലില്‍ കിടക്കുമ്പോഴും അവള്‍ക്കറിയില്ല, അര്‍ബുദത്തിന്റെ കുമിളുകള്‍ അവളുടെ രക്തത്തില്‍ പെരുകുന്നത്...
യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ്സില്‍ ഉറപ്പിച്ചതാണ്;

 "ഇനിയും ഒരിക്കല്‍ നിന്നെ കാണാന്‍ ഞാന്‍ വരും, കൈ നിറയേ ചോക്ലേറ്റ് പെട്ടികളുമായി;കാരണം, നീ എന്റെ ചോരയുടെ അവകാശിയാണ്..."   


                    നിയോണ്‍ വെളിച്ചത്തില്‍ കുതിര്‍ന്ന മഞ്ഞബോര്‍ഡ്‌  ജാലകത്തിന് പുറത്ത് തെളിഞ്ഞു .
                                                 "ഏറണാകുളം ടൌണ്‍ "

                     ഞാന്‍ ബാഗെടുത്ത് പതിയെ എഴുന്നേറ്റു... 





 

Monday, July 23, 2012

ഒരു നീര്‍ത്തുള്ളി, ഒരു കുലപ്പൂവ്...





ഒരിക്കലെന്നോ പെയ്ത മഴക്ക്
കുന്നിന്റെ നെറുകയിലൊളിച്ച  ഉറവ ,   
പാറക്കെട്ടിന്റെ   മഞ്ഞച്ചപൂപ്പല്‍മുടി
കൊതി പച്ചമണ്ണില്‍ ഉതിര്‍ന്നു വീണു.

ആ നീര്‍നൂലുകളിഴചേര്‍ത്ത്
ചോലക്കാട് നെയ്ത കാട്ടരുവിക്ക് ,
കാടിന്റെ കഥകേട്ട്
കരിംകൂവളക്കണ്ണ്‍  മുളച്ചു.
"കോട പെയ്യുന്ന താഴ്വാരം,
 വസന്തം മറന്ന കുറിഞ്ഞികള്‍ "
കൈ പിടിച്ചൊഴുകുന്ന പുഴ പറഞ്ഞു.

അണക്കെട്ടിന്റെ ആഴക്കയങ്ങളില്‍ മുങ്ങി മരിച്ച
തേക്ക്മരത്തിന്റെ പൂതലിച്ച കൈ തട്ടി,
കീറി അടരുമ്പോഴും ,
ഇഴപിരിഞ്ഞോരോ പച്ച ഞരമ്പിലും
പടര്‍ന്നു കയറുകയായിരുന്നു
കൂവളക്കണ്ണിലെ   കിനാവുകള്‍...

മണ്ണിന്റെ വരണ്ടുപോട്ടിയ
നെഞ്ചില്‍ വിരല്‍ പൂഴ്ത്തി
നീരൊഴുക്കിന്റെ കാലൊച്ച കാത്ത്
അണയുടെ നിഴലില്‍വീണു
നീലകുറിഞ്ഞി നിശ്വസിച്ചു,
"ഒരു നീര്‍ത്തുള്ളി, ഒരു കുലപ്പൂവ് ..."

Wednesday, February 29, 2012

അസ്തമയം

     ഒരുപാട് നാളുകള്‍കൊണ്ട് കൊതിച്ച ഒരു സായാഹ്നം.... അവള്‍ പറഞ്ഞു, "നമുക്ക് പുഴക്കരയിലെ ഇലഞ്ഞിച്ചുവട്ടില്‍ പോകാം."  കോര്‍ത്തുപിടിച്ച കൈകളും ഹൃദയങ്ങളുമായി ഞങ്ങള്‍ പതിയെ നടന്നു. ആളൊഴിഞ്ഞ തീരം, ശാന്തം....
      സായം സന്ധ്യയുടെ ചുവന്ന കാന്‍വാസ് - "ആകാശത്തെക്കാള്‍ തുടുത്ത അവളുടെ കവിളുകള്‍, കൂട് തേടി പറക്കുന്ന നീര്‍കാക്കകള്‍,  ചക്രവാളത്തിന് മുന്നില്‍ നിഴല്‍ ചിത്രം വരച്ച് തെങ്ങുകള്‍, അസ്തമയ സൂര്യന്‍ ചെഞ്ചായം കലക്കിയ വെള്ളത്തില്‍ ചൂണ്ടയെറിഞ്ഞു നില്ക്കുന്ന വൃദ്ധന്‍..."
     കാറ്റ് ..., ഇലഞ്ഞിപൂക്കള്‍ കൊഴിഞ്ഞു, നിമിഷങ്ങളും...
     ആ ചൂണ്ടക്കാരന്റെ രൂപത്തില്‍ എന്തോ, കണ്ണുടക്കി.
     പടര്‍ന്ന ചായകൂട്ടുകളുള്ള ഒരു മറുപുറം ആ രൂപം എന്നെ ഓര്‍മപ്പെടുത്തി...,എന്നും എന്നെ  ഇരയാക്കിയ വേട്ടമൃഗം,എന്റെ ചിന്തകള്‍- " ദുര്‍ബലനായ ഒരു വൃദ്ധന്‍, നേരം ഏറെ വൈകിയും ഇവിടെ..? അയാളുടെ ചൂണ്ടകൊളുത്തില്‍ കൊരുത്ത പ്രതീക്ഷകള്‍ ഒരു മീനും കാണാതെ പോയതെന്തെ? ചുട്ടുപഴുത്ത അയാളുടെ മനസിന്റെ നിറം പുഴവെള്ളത്തില്‍ പ്രതിഫലിക്കുന്നു...പകലിന്റെ ശേഷിച്ച നിമിഷങ്ങളും കൊത്തിയെടുത്ത് നീര്‍കാക്കകള്‍ അകലേക്ക് പറന്ന് പോകുന്നു... അസ്തമയത്തിലെത്തിനില്‍ക്കുന്ന ഒരു ജീവന്റെ പരാജിതമായ അയനാന്ത്യം, അത് കാണാന്‍ ഇനിയും  ഞാന്‍. ഇവിടെ ... ?"
     അതിമനോഹരമായ സന്ധ്യയില്‍ എന്റെ ഒരു ചുംബനത്തിനായി ദാഹിച്ച അവളെ നിരാശയാക്കി ഞാന്‍ പറഞ്ഞു, " വരു, പോകാം..."

Saturday, December 31, 2011

കടലാസ് തോണി

          ഉയരങ്ങളില്‍നിന്ന്‍ ഞെട്ടറ്റു വീഴുന്ന മഴത്തുള്ളികള്‍ മുറ്റത്തെ നീര്‍ക്കെട്ടില്‍ അലിഞ്ഞ്, അതിന്‍റെ ആഴം കൂടി ക്കൂടി വന്നു.   ഞാന്‍, തട്ടിന്‍പുറത്തു വച്ച പഴയ പത്രക്കെട്ടുകളില്‍നിന്ന് ഒന്ന് വലിച്ചെടുത്തു. അതിന്‍റെ ആദ്യ താള്‍ കീറി.കുറച്ച് ചുളുങ്ങിയിരിക്കുന്നു , അത് സാരമില്ല.പിന്നെ, കറുത്ത് കുനുകുനെ അക്ഷരങ്ങള്‍ നിറഞ്ഞ ആ കടലാസ് തലങ്ങും വിലങ്ങും മടക്കി ഒരു കളി തോണി ഉണ്ടാക്കി.
          അതും കൈയില്‍ പിടിച്ചങ്ങനെ നിന്നപ്പോള്‍ മഴച്ചാറ്റല്‍ ജനലിലൂടെ അകത്തേക്ക് വീശി, നനുത്ത കാറ്റ് !! മേശമേല്‍ വച്ചിരുന്ന പത്രക്കടലാസുകള്‍ കാറ്റില്‍ പാറി നിലത്തു വീണു.  ഓര്‍മ്മകള്‍, മഴപ്പാറല്‍ പോലെ മനസിലേക്ക് ....
          "തറവാട്ടുമുറ്റത്തു മുളച്ച തകരതണ്ടുകളില്‍ തട്ടി തിരിഞ്ഞൊഴുകുന്ന കടലാസുതോണി... അതിനെ നീര്‍ ചാലിലേക്ക് തള്ളിവിടുന്ന അനിയത്തിയുടെ കരിവളയിട്ട കൈകള്‍ ..."
മുറ്റത്ത് കെട്ടികിടക്കുന്ന  വെള്ളം കലപില കൂട്ടി .ആ , അപ്പു വന്നോ? അവനാകെ നനഞ്ഞിരിക്കുന്നു.കണ്ണടചില്ലില്‍പറ്റിയ വെള്ളം തുടച്ചുകൊണ്ട് അപ്പു  ബാഗ് മേശക്കു മുകളിലേക്കെറിഞ്ഞു.അതവിടെ എത്തും മുന്‍പ് അവന്‍ പടി കയറിപ്പോയി .
          "കളിതോണി ഉണ്ടാക്കുന്നത് എങ്ങനെ ആണെന്ന് അവനറിയുമോ എന്തോ?എന്തായാലും  പട്ടവും വിമാനവും ഉണ്ടാക്കുന്നതുകൂടെ കാണിച്ചു കൊടുക്കാം. എനിക്കെപ്പോഴും ഇതൊക്കെ ഉണ്ടാക്കി കൊടുക്കാന്‍ പറ്റില്ലല്ലോ ."
          "എന്തൊരു നശിച്ച മഴ ! അല്ലെ, ഗ്രാന്‍പാ?" ഞാന്‍ അവനെ നോക്കി , "നശിച്ച മഴ!!!?" അവന്‍ ജനലുകളടച്ചു. മഴകാഴ്ച  മറഞ്ഞു, മഴനൂലുകള്‍ക്കിടയിലൂടെ പണിപ്പെട്ട് അകത്തുവന്ന വെളിച്ചം പിന്തിരിഞ്ഞു.ബള്‍ബുകള്‍ തെളിയുന്നു, കണ്ണ് മഞ്ഞളിക്കുന്നു..
          അവന്‍റെ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിഞ്ഞു  "WELCOME" ,"സ്വാഗതം? , വിരസമായ പതിവ് സായാഹ്നത്തിന് ?" ആ തോണി ചവറ്റു കുട്ടയിലേക്ക് ... "അത് വെള്ളം കിട്ടാതെ മരിക്കട്ടെ.ഇങ്ങനെ ഒരുപാട് തോണികള്‍ ഓരോയിടത്തും മരിക്കുന്നു, അക്കൂട്ടത്തിലേക്ക് ഇതും."

Thursday, December 29, 2011

യക്ഷി



മഴപ്പാറ്റചിറകില്‍ പൊടിച്ച  സന്ധ്യ,
നെയ്തിരിയിലെരിഞ്ഞവള്‍ക്ക്
കരിംചുട്ടി കുത്തി.
കാല്‍ത്തളയായി പിണഞ്ഞ ഒരണലി,
വയറ്റാട്ടിയെ വിഷം തീണ്ടിച്ച്
കാവില്‍ കൊന്നിട്ടൂ.
ഏഴാം യാമത്തില്‍ പാലപ്പൂക്കള്‍,
അവളുടെ നീണ്ട മുടിയിഴ തഴുകി
ഉതിര്‍ന്നു വീണു
ബലിക്കലില്‍ തലതല്ലി,
കരിംച്ചാത്തന്‍ പൂവന്റെ ആത്മാഹുതി !
ചോര നക്കി, ഗുരുതിക്കളത്തിലെ കുറുനരി തോറ്റം പാടി -  
"മെയ്യാട്ടം, മുടിയാട്ടം, കടമിഴിയാട്ടം
 യക്ഷി,യക്ഷി,യക്ഷി വരുന്നേ!!!"

Sunday, August 1, 2010

ഞാന്‍...


"ഒരിക്കലെന്റെ പ്രാണന്റെ കറുത്ത പക്ഷികള്‍
ശവതാളം പാടിക്കൊണ്ടുയിരറ്റ് വീഴും,
അന്നെന്റെ പട്ടട എനിക്കായി ദാഹിക്കും.
കര്‍മപാപങ്ങള്‍ കുമിളകെട്ടിയ-
എന്റെ ചോര ഞാന്‍ അതിന്റെ ചുണ്ടില്‍ ഇറ്റിക്കും,
അതിന്റെ ദാഹം തീര്‍ക്കാന്‍ ...
അഗ്നി വിശുദ്ധിയില്‍ -
ഒരു പിടി ചാരമായ് , ഓര്‍മ്മയായ് -
പിന്നെ , ഒന്നുമല്ലാതെ ,
വിസ്മൃതിയുടെ നീണ്ട വഴികളിലെവിടെയോ -
വീണ മണ്‍തരിയായ് ;
പുതു ജീവന്‍ മുളപൊട്ടി വിരിയുന്ന ബീജത്തിന്‍ -
തൃഷ്ണയോടുങ്ങാത്ത വേരുപടലത്തെ,
ഗാടമായ് പുണരുവാന്‍ , അതിജീവനത്തിന്റെ പോഷണം നല്‍കുവാന്‍
ഇന്നും ഒരു മനുഷ്യനായ് ഞാന്‍ എവിടെയോ ജീവിച്ചിരിക്കുന്നു .... "