Sunday, August 1, 2010

ഞാന്‍...


"ഒരിക്കലെന്റെ പ്രാണന്റെ കറുത്ത പക്ഷികള്‍
ശവതാളം പാടിക്കൊണ്ടുയിരറ്റ് വീഴും,
അന്നെന്റെ പട്ടട എനിക്കായി ദാഹിക്കും.
കര്‍മപാപങ്ങള്‍ കുമിളകെട്ടിയ-
എന്റെ ചോര ഞാന്‍ അതിന്റെ ചുണ്ടില്‍ ഇറ്റിക്കും,
അതിന്റെ ദാഹം തീര്‍ക്കാന്‍ ...
അഗ്നി വിശുദ്ധിയില്‍ -
ഒരു പിടി ചാരമായ് , ഓര്‍മ്മയായ് -
പിന്നെ , ഒന്നുമല്ലാതെ ,
വിസ്മൃതിയുടെ നീണ്ട വഴികളിലെവിടെയോ -
വീണ മണ്‍തരിയായ് ;
പുതു ജീവന്‍ മുളപൊട്ടി വിരിയുന്ന ബീജത്തിന്‍ -
തൃഷ്ണയോടുങ്ങാത്ത വേരുപടലത്തെ,
ഗാടമായ് പുണരുവാന്‍ , അതിജീവനത്തിന്റെ പോഷണം നല്‍കുവാന്‍
ഇന്നും ഒരു മനുഷ്യനായ് ഞാന്‍ എവിടെയോ ജീവിച്ചിരിക്കുന്നു .... "

Saturday, July 31, 2010

മാറ്റങ്ങളില്ലാതെ ...


"ഒരു ദിവസം കൂടി മരിച്ചു വീഴുന്നു , മാറ്റങ്ങളില്ലാതെ ...
കത്തിയമര്‍ന്ന ഒരു മെഴുകുതിരിയല്ലാതെ
ഒന്നും മാറിയിട്ടില്ല ഈ മുറിയില്‍.
ചെമ്പകം മണക്കുന്ന കാറ്റ് വീശുന്നു , ഇലകള്‍ പൊഴിയുന്നു , മാറ്റങ്ങളില്ലാതെ ...
മാറ്റത്തിന് കൊതിച്ച്‌ ഘടികാരസൂചികള്‍
ഒടുക്കത്തില്‍ തുടക്കം കണ്ടെത്തി ഓടുന്നു , മാറ്റങ്ങളില്ലാതെ ..."

Wednesday, July 28, 2010

നിള...


"നിലച്ച നീരൊഴുക്കിന് കുറുകെ
നിലക്കാതെ ഒഴുകുന്ന കാല്‍പ്പാടുകള്‍
കര കവിഞ്ഞൊരു പ്രളയമായി
കടലിരമ്പതിനു കാത്തു നില്‍ക്കാതെ
മരണത്തിലേക് ഒഴുകുന്ന കാല്‍പ്പാടുകള്‍
നിളയുടെ മാറില്‍ നിറയെ കാല്‍പ്പാടുകള്‍ "

ഒരു പുതിയ ബ്ലോഗന്‍ ആണ്

നമസ്ക്കാരം സുഹൃത്തുക്കളെ, ഞാന്‍ ഒരു പുതിയ ബ്ലോഗന്‍ ആണ് . " കൂമാണ്ടന്‍" നാമധേയം . ജനിച്ചിട്ട്‌ കുറച്ചു വര്‍ഷങ്ങളായി എങ്കിലും ഒരു ബ്ലോഗന്‍ ആയതു ഇന്നാണ് . നല്ലത് തോന്നാന്‍ എപ്പോഴും ഇത്തിരി വൈകും, ആ അത് പിന്നെ അങ്ങനെ ആണല്ലോ . എന്തായാലും എല്ലവരുടേയുമ് പ്രോത്സാഹനം പ്രതീക്ഷിച്ചുകൊണ്ട് ഞാന്‍ എഴുതി തുടങ്ങട്ടെ ........